ചെറുതോണി: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിൽ പ്രോജക്ട് പ്രദർശനവും ഓപ്പൺ ഹൗസും നടത്തി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘എക്സൈറ്റ് 26’ എന്ന പേരിൽ നടത്തിയ ടെക്നിക്കൽ പ്രദർശനം പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ ഉദ്ഘാടനം ചെയ്തു.
ഡോ. മഞ്ജു മാനുവൽ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ പ്രോജക്ട് പ്രദർശനത്തിൽ എസ് 6, എസ് 8, ബി ടെക് വിദ്യാർഥികൾ തയാറാക്കിയ സാമൂഹ്യപ്രതിബദ്ധതയുള്ള 40 നവീന പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.
മായം കലർന്ന പാൽ തിരിച്ചറിയാൻ സഹായിക്കുന്നതും പാലിലെ വെള്ളത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈൽ ഫോണിൽ സന്ദേശമായി ലഭ്യമാക്കുന്ന മിൽക്ക് അഡൾട്ടറേഷൻ ഡിറ്റക്ടർ, ഇടുക്കി പോലുള്ള മലനിരകളിൽ ഉണ്ടാകുന്ന ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി അറിയിക്കാൻ മണ്ണിലെ ജലാംശം വർധിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന ലാൻഡ് സ്ലൈഡ് ഡിറ്റക്ടർ, കമുകിൽ കയറാതെ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് അടയ്ക്ക പറിക്കാൻ കഴിയുന്ന റോബോട്ട് എന്നിവ ഉൾപ്പെടെ നവീന ആശയങ്ങളാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്.
ഓപ്പൺ ഹൗസും നെക്സോറ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗെയിം സോണും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. സ്കൂൾ, കോളജ് വിദ്യാർഥികളും പൊതുജനങ്ങളും പ്രദർശനം കാണാനെത്തിയിരുന്നു. എക്സിബിഷന്റെ ഭാഗമായി "അതിരുകൾക്കപ്പുറം' എന്ന ടെക്നിക്കൽ ടോക്ക് സീരീസിന്റെ ഉദ്ഘാടനവും നടന്നു.
ക്വാൽകോം ടെക്നോളജീസ് യുകെ ബിസിനസ് വിദഗ്ധൻ ഡോ. കെ.ആർ. ഹിരൺ മുഖ്യപ്രഭാഷണം നടത്തി. എക്സൈറ്റ്-26 സ്റ്റാഫ് കോ-ഓർഡിനേറ്റർ എം.എസ്. ദീപ, ഡോ. ഹരി, ഡോ. സന്തോഷ് കുമാർ, ഡോ. ഷെരീഫ്, പിടിഎ വൈസ് പ്രസിഡന്റ് റോയ് ജോസഫ്, എക്സൈറ്റ്- 26 കോ-ഓർഡിനേറ്റർ തിമോത്തി ഷിബു, അരവിന്ദ്, അവന്തിക വിനോദ് എന്നിവർ പ്രസംഗിച്ചു.